കോപ്പിയടി



'നബി നടപ്പിലാക്കിയ കടുത്തശിക്ഷാ സമ്പ്രദായങ്ങളെയൊക്കെ മൗദൂദി തേനില്‍ പുരട്ടി അവതരിപ്പിക്കുക മാത്രമാണ്‌ ചെയ്തിട്ടുളളത്‌. ഖുര്‍ ആനെയും നബിചര്യയെയും പിന്തുടരുക മാത്രമാണ്‌ മതതീവ്രവാദികളും ചെയ്യുന്നത്‌. ജനാധിപത്യവാദികളായ മുസ്ലീങ്ങള്‍ ആ നിയമങ്ങളെല്ലാം കാലാനുസൃതമായി ഭേദഗതി ചെയ്യാന്‍ തയ്യാറായി എന്നേയുള്ളൂ. ഇസ്ലാമിലെ യുദ്ധനിയമങ്ങളെല്ലാം അവര്‍ തിരുത്തുകയാണുണ്ടായതെന്ന്‌ കാണാം. ജമാ അത്തെ ഇസ്ലാമി പോലും ഇന്ന്‌ ജനാധിപത്യ മൂല്യങ്ങളാണല്ലോ അംഗീകരിക്കുന്നത്‌! അതെല്ലാം നബിയുടെയും മൗദൂദിയുടെയും ആശയങ്ങള്‍ക്ക്‌ എതിരുതന്നെയാണ്‌.' ('ജമാഅത്തെ ഇസ്‌ലാമിയുടെ മുഖംമൂടി' എന്ന തലക്കെട്ടിനുകീഴില്‍ സൈദുമുഹമ്മദ് ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ നിന്നും)
ജനാധിപത്യവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ പഴയ നിലപാടായി എടുത്ത് പറയാറുള്ളത്, ഇന്ത്യാവിഭജനത്തിന് മുമ്പ് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി ലാഹോറില്‍വെച്ച് നടത്തിയ പ്രസംഗത്തിലേതാണ്. 'മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം' എന്ന പേരില്‍ 1960 മുതല്‍ മലയാളത്തില്‍ ലഭ്യമാണ്. പത്താമത്തെ എഡിഷനാണ് ഇപ്പോള്‍ നിലവിലുള്ളത്. ജമാഅത്തും മൗദൂദിയും ആദ്യത്തില്‍ ശക്തമായ ജനാധിപത്യവിരുദ്ധ കാഴ്ചപ്പാടാണ് പുലര്‍ത്തിയിരുന്നത് എന്നതിന് തെളിവായിട്ടാണ് അത് എടുത്ത് ചേര്‍ക്കാറുള്ളത്. ജനാധിപത്യത്തോട് മാത്രമല്ല മതേതരത്വത്തോടും ദേശീയതയോടും (ഇക്കാര്യം പിന്നീട് വിശദീകരിക്കുന്നതാണ്) അതിന് ശത്രുതാ മനോഭവമാണ് ഉള്ളത്. പ്രസ്തുത പുസ്തകം വായിക്കുന്നവര്‍ക്ക് ഒരു വിശദീകരണം ആവശ്യമില്ലാത്തവിധം മൗദൂദി തന്റെ നിലപാട് വിശദീകരിച്ചിരിക്കുന്നു.
ഇന്നോളം പ്രസ്തു പുസ്തകത്തിന് ഏതെങ്കിലും ഭാഗത്ത് നിന്ന് ഒരു ഖണ്ഡനം പുറത്തിറങ്ങിയതായി അറിയില്ല. ജമാഅത്തിനെ വിമര്‍ശിക്കാനായി പുസ്തകങ്ങളും മാസികളും സമ്മേളനങ്ങളും നടത്തുന്ന ഏതെങ്കിലും ഒരു മുസ്ലിം സംഘടനക്ക് മൗദൂദി ഇക്കാര്യത്തില്‍ ഇസ്‌ലാമിക വിരുദ്ധമായ /നിരക്കാത്ത ആശയമാണ് പ്രചരിപ്പിക്കുന്നതെന്ന് വാദിക്കാമായിരുന്നു. അത് സംഭവിച്ചിട്ടില്ല. മറിച്ചു സംഭവിച്ചിട്ടുണ്ട് താനും അഥവാ അതേ പക്ഷത്ത് നിന്നുള്ളവര്‍ പരാമര്‍ശ വിഷയങ്ങള്‍ ചര്‍ച ചെയ്തപ്പോള്‍ മൗദൂദി പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്.

ആദ്യമായി എന്താണ് മൗലാനാ മൗദൂദി ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞത് എന്ന് അദ്ദേഹത്തിന്റെ ഏതാനും ഉദ്ധരണികളിലൂടെ മനസ്സിലാക്കാം. ശരിയായ നിലപാട് ആ പുസ്തകം വായിക്കുക തന്നെയാണ്. പക്ഷെ അതിന് അവസരം ലഭ്യമല്ലാത്തവര്‍ ഈ ലേഖനം പരിഗണിക്കുമെന്നും പരിശോധനാ വിധേയമാക്കുമെന്നും കരുതുന്നു. മൗദൂദിയുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം ഞാനിതുവരെ എഴുതിയത് അദ്ദേഹത്തിന്റെ ഏതാനും പുസ്തകങ്ങള്‍ മുന്നില്‍ വെച്ചാണ്. അതില്‍നിന്നും ജനാധിപത്യത്തെയാണ് ജമാഅത്ത് പിന്തുണക്കുന്നതെന്നും. അതിന് വിരുദ്ധമായ ഥിയോക്രസിയെയോ ഏകാധിപത്യ സ്വേഛാധിപത്യവ്യവസ്ഥകളെയോ അതിന് പിന്തുണക്കാനാവില്ലെന്ന് മാത്രമല്ല ഇസ്‌ലാം അവയെ ശക്തമായി നിരാകരിക്കുന്നുവെന്നും മനസ്സിലാക്കാം.
സയ്യിദ് അബുല്‍അഅ്ലാ മൌദൂദി എഴുതുന്നു: "ജനാധിപത്യം ആദ്യത്തില്‍ ആവിഷ്കൃതമായത് രാജാക്കന്മാരുടെയും നാടുവാഴി പ്രഭുക്കന്മാരുടെയും ആധിപത്യച്ചങ്ങല പൊട്ടിച്ചെറിയേണ്ടതിനു വേണ്ടിയായിരുന്നു. ഒരതിര്‍ത്തിയോളം അത് ശരിയുമായിരുന്നു. ജനകോടികളുടെ മേല്‍ സ്വന്തം അഭീഷ്ടവും സ്വേഛയും അടിച്ചേല്‍പിക്കാനോ അവരെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനോ ഒരു വ്യക്തിക്കോ കുടുംബത്തിനോ വര്‍ഗത്തിനോ അധികാരവുംഅവകാശവുമില്ല''
(മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ് 10).
ഭരണാധികാരിയെ തെരഞ്ഞടുക്കാനുള്ള ഏറ്റവും മെച്ചപ്പെട്ട രീതി എന്ന നിലയിലും ജമാഅത്ത് ജനാധിപത്യത്തെ പിന്തുണക്കുന്നു. സയ്യിദ് മൌദൂദി എഴുതുന്നു: "ജനങ്ങളുടെ ആധിപത്യത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ പ്രാതിനിധ്യത്തെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും നാടുവാഴിമേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്. ആധുനികകാലത്തെ ഏറ്റവും വലിയൊരു ജനാധിപത്യവാദിക്ക് ഉണ്ടാവുന്നത്ര അമര്‍ഷം. സാമൂഹികജീവിതത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യനിലപാടും തുല്യാവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്. ഒരു പാശ്ചാത്യ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചേടത്തോളം നമുക്ക് എതിരഭിപ്രായമേ ഇല്ല. പൌരന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്യ്രവും സംഘടനാസ്വാതന്ത്യ്രവും പ്രക്ഷോഭണ സ്വാതന്ത്യ്രവും ഇല്ലാത്തതോ ജനനത്തെയുംജാതിയെയും പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേക അവകാശങ്ങളും പ്രത്യേക പ്രതിബദ്ധങ്ങളും ഉള്ളതോ ആയ ഒരു വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തയായ ഈവിധ വിഷയങ്ങളിലൊന്നും നാം വിഭാവന ചെയ്യുന്ന ജനാധിപത്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല'' (മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ്: 20).

സ്വാതന്ത്യ്രസമരം നടന്നുകൊണ്ടിരുന്ന അവിഭക്ത ഇന്ത്യയിലായിരിക്കെ തന്നെ സയ്യിദ് മൌദൂദി ജനാധിപത്യത്തിന്റെ ഈ മേന്മ ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി: "നമ്മുടെ രാജ്യത്തിന്റെ ഭരണവ്യവസ്ഥയുടെ വികാസം ജനാധിപത്യത്തിലൂടെയോ അതല്ല മറ്റേതെങ്കിലും വിധത്തിലോ എന്നതല്ല നാം നേരിടുന്ന യഥാര്‍ഥ ചോദ്യം. ബുദ്ധിയുള്ള ഒരു മനുഷ്യനും ജനാധിപത്യത്തെ എതിര്‍ക്കുകയില്ല. ഇവിടെ രാജാധിപത്യമോ ഏകാധിപത്യമോ മറ്റേതെങ്കിലും തരത്തിലുള്ള ഭരണരീതിയോ ആണ് വേണ്ടതെന്നും പറയാനാവില്ല'' ( തഹ്രീകെ ആസാദീ ഹിന്ദ് ഔര്‍ മുസല്‍മാന്‍, പേജ്: 475).
സാമൂഹികമാറ്റത്തിനായി നിലകൊള്ളുന്ന മറ്റേതൊരു പ്രസ്ഥാനത്തെയും പോലെ രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയവ്യവസ്ഥ മാറണമെന്ന് ജമാഅത്തും ആഗ്രഹിക്കുന്നു. ഈ മാറ്റത്തിന് അതവലംബിക്കുന്ന മാര്‍ഗം തീര്‍ത്തും ജനാധിപത്യപരമാണ്. ആശയപ്രചാരണത്തിലൂടെയും ബോധവത്കരണത്തിലൂടെയുമാണ് അത് മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകള്‍ക്കനുകൂലമായ പൊതുജനാഭിപ്രായം സൃഷ്ടിക്കുക; ഇതല്ലാത്ത മറ്റൊരു മാര്‍ഗവും അതവലംബിക്കുകയില്ല. ഇത് ജമാഅത്ത് സമര്‍പ്പിക്കുന്ന ആദര്‍ശത്തിന്റെ താല്‍പര്യവും നയത്തിന്റെ ഭാഗവുമാണ്. പ്രസ്ഥാനത്തിന്റെ ആരംഭകാലത്തുതന്നെ ഇക്കാര്യം സയ്യിദ് മൌദൂദി വ്യക്തമാക്കിയിട്ടുണ്ട്: "അല്ലാഹുവിനെ സാക്ഷിനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും വിധത്തിലുള്ള ഭീകരപ്രവര്‍ത്തനമോ അട്ടിമറിയോ ഒളിയുദ്ധമോ അതുപോലുള്ള നിയമവിരുദ്ധമാര്‍ഗങ്ങളോ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ലക്ഷ്യം നേടാന്‍ ഒരിക്കലും സന്നദ്ധമല്ല. ആരെയെങ്കിലും ഭയപ്പെടുന്നതുകൊണ്ടല്ല, അത് ജനാധിപത്യരീതി മാത്രം സ്വീകരിച്ചുകൊണ്ട് വിപ്ളവം സൃഷ്ടിച്ചെടുക്കാന്‍ തീരുമാനിച്ചത്.''

"ഏതു സന്ദര്‍ഭത്തിലും നമ്മുടെ ഉദ്ദേശ്യശുദ്ധി പ്രകടിപ്പിക്കാന്‍ നമുക്ക് കഴിയും. നമ്മില്‍ നിയമലംഘനത്തിന്റെയോ ഭീകരപ്രവര്‍ത്തനത്തിന്റെയോ കുറ്റം ചുമത്താനാര്‍ക്കും സാധ്യമല്ല. നാം കാംക്ഷിക്കുന്ന ഇസ്ലാമികവിപ്ളവം മനുഷ്യമനസ്സിലാണ് ആദ്യമായി അരങ്ങേറേണ്ടത്. മനുഷ്യന്റെ മനോവികാരങ്ങളെ പരിവര്‍ത്തിപ്പിക്കാതെ ഇസ്ലാമികവിപ്ളവം ഒരിക്കലും സാധിതമാവുകയില്ല. ഭൂമുഖത്തൊരിക്കലും സാധിച്ചിട്ടുമില്ല.''

"മനുഷ്യമനസ്സിലെ ചിന്തകളെയും അവരുടെ സ്വഭാവശീലങ്ങളെയും മാറ്റാന്‍ കഴിയാതെ ശക്തിയും അധികാരവുമുപയോഗിച്ചോ ഭീകരപ്രവര്‍ത്തനതന്ത്രങ്ങളുപയോഗിച്ചോ മാറ്റം വരുത്താമെന്നു കരുതുന്നത് വിഫലമോഹം മാത്രമാണ്. അങ്ങനെയുണ്ടാക്കുന്ന വിപ്ളവങ്ങള്‍ക്ക് വേരുറപ്പുണ്ടാകില്ല. അതെളുപ്പം വിപരീത ദിശ പ്രാപിക്കും. മറ്റൊരു വിപ്ളവത്തിന് ആ സ്ഥലം പാകപ്പെടുത്തുകയായിരിക്കും പരിണിതഫലം'' (ഉദ്ധരണം: ജമാഅത്തെ ഇസ്ലാമി, പ്രബോധനം അമ്പതാം വാര്‍ഷികപ്പതിപ്പ്, പേജ് 44).

ഏതു സാഹചര്യത്തിലും പ്രവര്‍ത്തനരീതിയും വിപ്ളവമാര്‍ഗവും സമാധാനപൂര്‍വമായിരിക്കണമെന്ന് സയ്യിദ് മൌദൂദിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹം അതിങ്ങനെ വ്യക്തമാക്കുന്നു: "എല്ലാ അപകടങ്ങളെയും നഷ്ടങ്ങളെയും സഹിച്ചുകൊണ്ട് സമാധാനമാര്‍ഗത്തിലൂടെ സത്യവാക്യം ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. അതിന്റെ പേരില്‍ തടവറയില്‍ കഴിയേണ്ടിവന്നാലും കൊലമരത്തില്‍ കയറേണ്ടിവന്നാലും ശരി'' ( തസ്രീഹാത് പേജ്: 57).

"എന്റെ അവസാനത്തെ ഉപദേശമിതാണ്. നിങ്ങള്‍ രഹസ്യ സംഘടനകള്‍ നടത്തുകയോ സായുധവിപ്ളവത്തിന് ശ്രമിക്കുകയോ ചെയ്യരുത്. ഇതും അക്ഷമയുടെയും ധൃതിയുടെയും മറ്റൊരു രൂപമാണ്. ഫലം കണക്കിലെടുക്കുമ്പോള്‍ മറ്റു രൂപങ്ങളെക്കാള്‍ വിനാശകരവും'' ( തഫ്ഹീമാത്ത് ഭാഗം: 3, പേജ്: 362)

മതവിരുദ്ധമല്ലാത്ത ഇന്ത്യന്‍ ജനാധിപത്യം രൂപപ്പെടുന്നതിന് മുമ്പാണ് ജനാധിപത്യത്തെക്കുറിച്ച മൗദൂദി ഇവയില്‍ പലതും പറഞ്ഞത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മൗദൂദി മതവിരുദ്ധവും മൂല്യനിരാസപരവുമായ ജനാധിപത്യത്തെ നിരൂപണം നടത്തുകയും അതിനോട് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യത്തിന്റെ രൂപം അവതരിപ്പിക്കുകയുമാണ് ചെയ്തത്. ലോകത്ത് നിലനില്‍ക്കുന്ന ജനാധിപത്യത്തിന്റെ വിവിധ രൂപങ്ങള്‍ക്ക് ജനാധിപത്യം എന്ന് പൊതുവില്‍ പറയുമ്പോള്‍ മൗദൂദി മുന്നോട്ട് വെച്ച ജനാധിപത്യവും വിശാലമായ ജനാധിപത്യ ഇനങ്ങളില്‍ ഒരു ഇനമായി സ്വീകരിക്കാവുന്നതേയുള്ളൂ.

ജനാധിപത്യത്തിന്റെ കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഉണ്ടായ പുതിയമാറ്റം കുറേക്കൂടി പ്രായോഗികമായ സമീപനം അതിനോട് സ്വീകരിച്ചുതുടങ്ങി എന്നത് മാത്രമാണ്. അതാകട്ടെ സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുടെയും തേട്ടമായി ചലിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ സ്വാഭാവികമായ മാറ്റത്തിന്റെ ഫലവുമായിരുന്നു.

വിശുദ്ധഖുര്‍ആനിന്റെ ശാസനകള്‍ അംഗീകരിക്കുന്ന വിശ്വാസികളുടെ സ്വാഭാവവിശേഷണങ്ങള്‍ പരിചയപ്പെടുത്തിയ കൂട്ടത്തില്‍ ഖുര്‍ആന്‍ പറഞ്ഞു.: 'വിധാതാവിന്റെ ശാസനകള്‍ അനുസരിക്കുന്നവരും നമസ്കാരം നിലനിര്‍ത്തുന്നവരും കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് നടത്തുന്നവരും നാം നല്‍കിയിട്ടുള്ളതില്‍നിന്ന് ചെലവഴിക്കുന്നവരും തങ്ങള്‍ക്കുനേരെ അതിക്രമങ്ങളുണ്ടായാല്‍ ചെറുക്കുന്നവരുമാകുന്നു' (42:38)

ഈ സൂക്ത ശകലത്തിന് ജനാധിപത്യവിരുദ്ധനായി അറിയപ്പെടുന്ന മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ വ്യാഖ്യാനം ശ്രദ്ധാപുര്‍വം വായിക്കാനാവശ്യപ്പെടുകയാണ്. മൗദൂദിയുടെ 'ജനാധിപത്യവിരുദ്ധത' മനസ്സിലാക്കാന്‍ അത് ഉപകരിക്കും.

['ഇതനുസരിച്ച് കൂടിയാലോചിക്കുക എന്നത് ഇസ്ലാമിക ജീവിതത്തിന്റെ ഒരു സുപ്രധാന സ്തംഭമാകുന്നു. കൂടിയാലോചനയില്ലാതെ സാമൂഹിക കാര്യങ്ങള്‍ കൊണ്ടുനടത്തുക എന്നത് ജാഹിലിയ്യത്താണെന്ന് മാത്രമല്ല, അംഗീകൃത ഇസ്ലാമിക ചിട്ടക്ക് തികച്ചും വിരുദ്ധവുമാകുന്നു. കൂടിയാലോചനക്ക് ഇസ്ലാം ഇത്ര പ്രാധാന്യം കല്‍പിച്ചതെന്തുകൊണ്ടാണ്? അതിന്റെ കാരണങ്ങളെക്കുറിച്ചാലോചിച്ചുനോക്കിയാല്‍, മൂന്ന് കാര്യങ്ങള്‍ നമ്മുടെ മുന്നില്‍ തെളിഞ്ഞുവരുന്നതാണ്.

1) രണ്ടോ അതില്‍ കൂടുതലോ ആളുകളുടെ താല്‍പര്യവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും അവരില്‍ ഏതെങ്കിലും ഒരാള്‍ ഒറ്റക്ക് തീരുമാനമെടുക്കുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുന്നത് അതിക്രമമാകുന്നു. പൊതുകാര്യങ്ങളില്‍ ആര്‍ക്കും തന്നിഷ്ടം നടത്താനവകാശമില്ല. ഒരു പ്രശ്നത്തിന് എത്രത്തോളം ആളുകളുടെ താല്‍പര്യവുമായി ബന്ധമുണ്ടോ, അതില്‍ അവരുടെയെല്ലാം അഭിപ്രായം പരിഗണിക്കുകയാണ് നീതിയുടെ താല്‍പര്യം. ഇനി അത് വളരെയധികം ആളുകളുമായി ബന്ധപ്പെട്ട കാര്യമാണെങ്കില്‍ അവരുടെ ആധികാരിക പ്രതിനിധികളെ കൂടിയാലോചനയില്‍ പങ്കാളികളാക്കണം.

2) മനുഷ്യന്‍ പൊതുകാര്യങ്ങളില്‍ തന്നിഷ്ടം നടത്താന്‍ ശ്രമിക്കുന്നത് ഒന്നുകില്‍ സ്വാര്‍ഥലാഭത്തിനുവേണ്ടി മറ്റുള്ളവരുടെ അവകാശം ഹനിക്കാനുദ്ദേശിച്ചുകൊണ്ടായിരിക്കും. അല്ലെങ്കില്‍ അയാള്‍ സ്വയം വലിയവനും കഴിവുറ്റവനുമായും മറ്റുള്ളവരെ നിസ്സാരരായും ഗണിക്കുന്നുവെന്നതായിരിക്കും അതിന്റെ കാരണം. ധാര്‍മികമായി ഈ രണ്ടു നിലപാടുകളും ഒരുപോലെ നികൃഷ്ടമാകുന്നു. യഥാര്‍ഥ വിശ്വാസികളുടെ അന്തരംഗത്ത് ഇതില്‍ ഏതെങ്കിലും സ്വഭാവത്തിന്റെ ലാഞ്ഛനപോലും കാണപ്പെടുകയില്ല. മറ്റുള്ളവരുടെ അവകാശങ്ങള്‍ കയ്യേറി അവിഹിതമായ നേട്ടങ്ങളുണ്ടാക്കാനാഗ്രഹിക്കുന്ന സ്വാര്‍ഥിയോ, ബുദ്ധിയുടെ സാരസര്‍വസ്വവും സര്‍വകലാവല്ലഭനും സൂക്ഷ്മജ്ഞനുമായി സ്വയം കരുതുന്ന അഹങ്കാരിയോ ആത്മപ്രശംസകനോ ആവുകയില്ല, സത്യവിശ്വാസി.

3) മറ്റുള്ളവരുടെ അവകാശങ്ങളും താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കുക വമ്പിച്ച ഒരു ഉത്തരവാദിത്വമാണ്. ദൈവത്തെ ഭയപ്പെടുകയും അവന്റെ മുമ്പില്‍ എത്ര രൂക്ഷമായിട്ടാണ് താന്‍ വിചാരണ ചെയ്യപ്പെടുക എന്നറിയുകയും ചെയ്യുന്ന ആരുംതന്നെ ഈ മഹാഭാരം ഒറ്റക്ക് ഏറ്റെടുക്കുവാന്‍ ഒരിക്കലും ധൈര്യപ്പെടുകയില്ല. ദൈവത്തെ ഭയപ്പെടാത്തവരും പരലോക വിചാരമില്ലാത്തവരുമായ ആളുകള്‍ക്കു മാത്രമേ അത്തരം ധൈര്യമുണ്ടാവുകയുള്ളൂ. പാരത്രിക വിചാരണയെക്കുറിച്ച് ബോധമുള്ളവര്‍, ഒരു പൊതുകാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍, ആ കാര്യം ആരുമായൊക്കെ ബന്ധപ്പെട്ടിരിക്കുന്നുവോ അവരെയൊക്കെ അല്ലെങ്കില്‍ അവര്‍ ഭരമേല്‍പിച്ച പ്രതിനിധികളെ കൂടിയാലോചനയില്‍ പങ്കെടുപ്പിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കും. അതുവഴി കൂടുതല്‍ ശരിയായതും കുറ്റമറ്റതും നീതിനിഷ്ഠവുമായ തീരുമാനമെടുക്കാന്‍ സാധിക്കുന്നു. അറിയാതെ വല്ല പിശകും പറ്റിപ്പോയാല്‍ അതിന്റെ ഉത്തരവാദിത്വം ഒരൊറ്റയാളില്‍ മാത്രം വന്നുചേരുകയുമില്ല.

ഈ മൂന്നു കാരണങ്ങളെക്കുറിച്ചും ആഴത്തില്‍ ആലോചിച്ചുനോക്കിയാല്‍, ഇസ്ലാം മനുഷ്യനു നല്‍കുന്ന ധാര്‍മികാധ്യാപനങ്ങളുടെ അനിവാര്യ താല്‍പര്യമാണ്, കൂടിയാലോചനയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുന്ന സമ്പ്രദായമെന്നും അതില്‍നിന്നുള്ള വ്യതിചലനം ഇസ്ലാം ഒരിക്കലും അനുവദിച്ചിട്ടില്ലാത്ത വലിയ അധര്‍മമാണെന്നും നന്നായി മനസ്സിലാകുന്നതാണ്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും കൂടിയാലോചനാതത്വം പാലിക്കണമെന്നാണ് ഇസ്ലാമിക ജീവിതശൈലി ആവശ്യപ്പെടുന്നത്. വീട്ടുകാര്യങ്ങളില്‍ ഭാര്യയും ഭര്‍ത്താവും കൂടിയാലോചിക്കണം. മക്കള്‍ യുവത്വം പ്രാപിച്ചാല്‍ അവരെയും കൂടിയാലോചനയില്‍ പങ്കാളികളാക്കണം. കുടുംബത്തിന്റെ പ്രശ്നമാണെങ്കില്‍ ആ കുടുംബത്തിലെ പ്രായപൂര്‍ത്തിയെത്തിയ സാമാന്യ ബുദ്ധിയുള്ള എല്ലാവരുടെയും അഭിപ്രായമാരായണം. ഒരു ഗോത്രത്തിന്റെയോ സമൂഹത്തിന്റെയോ ഗ്രാമത്തിന്റെയോ പ്രശ്നമാണെങ്കില്‍ അതിലെ എല്ലാ അംഗങ്ങളെയും കൂടിയാലോചനയില്‍ പങ്കാളികളാക്കുക സാധ്യമല്ലെങ്കില്‍ അത് തീരുമാനിക്കേണ്ടത് ഏതെങ്കിലും ഏകോപിത രീതിയനുസരിച്ച്, ബന്ധപ്പെട്ട എല്ലാവരെയും ആധികാരികമായി പ്രതിനിധീകരിക്കുന്നവര്‍ക്ക് പങ്കുള്ള സമിതിയോ പഞ്ചായത്തോ ആകുന്നു. ഒരു രാഷ്ട്രത്തിന്റെ കാര്യങ്ങള്‍ കൊണ്ടുനടത്താന്‍ എല്ലാ ജനങ്ങളുടെയും തൃപ്തിയോടെ ഭരണാധികാരികള്‍ തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ജനങ്ങള്‍ സ്വീകാരയോഗ്യരായി കരുതുന്ന അഭിപ്രായ സുബദ്ധതയുള്ളവരുമായി കൂടിയാലോചിച്ചാണ് അവര്‍ ജനകീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. അവരുടെ കൈകാര്യം ജനങ്ങള്‍ ഇഷ്ടപ്പെടുന്നിടത്തോളം കാലമേ അവര്‍ അധികാരികളായിരിക്കൂ. സത്യസന്ധതയും ഉത്തരവാദിത്വ ബോധവുമുള്ള ഒരാള്‍ക്ക് ബലാല്‍ക്കാരം സമൂഹത്തിന്റെ കൈകാര്യാധികാരിയാകാനോ ആകണമെന്ന് ആഗ്രഹിക്കാനോ അതിനുവേണ്ടി പരിശ്രമിക്കാനോ കഴിയില്ല. ആദ്യം ശക്തിയുപയോഗിച്ച് ജനങ്ങളെ കീഴടക്കുകയും പിന്നെ ഭയത്തിന്റെ അന്തരീക്ഷത്തില്‍ അവരുടെ സമ്മതിദാനം നേടുകയും ചെയ്യുക എന്ന ഉപായത്തിനും അവര്‍ തയ്യാറാവില്ല. ജനങ്ങള്‍ അവരുടെ സ്വതന്ത്രമായ ഇഷ്ടപ്രകാരം നിശ്ചയിക്കുന്ന പ്രതിനിധികള്‍ക്കു പകരം, തന്റെ തൃപ്തിക്കൊത്തവണ്ണം അഭിപ്രായങ്ങള്‍ പറയുന്ന ഉപദേശകരെ തെരഞ്ഞെടുക്കുക എന്ന തന്ത്രം പ്രയോഗിക്കാനും അവര്‍ക്കു സാധിക്കുകയില്ല. ദുരുദ്ദേശ്യങ്ങള്‍ കൊണ്ടു മലിനമായ മനസ്സില്‍ മാത്രമേ ഇത്തരം ആഗ്രഹങ്ങള്‍ ഉടലെടുക്കുകയുള്ളൂ.

ഒരേസമയം സൃഷ്ടികളേയും സ്രഷ്ടാവിനേയും വഞ്ചിക്കാന്‍ യാതൊരു സങ്കോചവുമില്ലാത്തവര്‍ മാത്രമേ ഇത്തരം അഭിലാഷത്തോടുകൂടി وَأَمْرُهُمْ شُورَى بَيْنَهُمْ എന്നതിന്റെ ബാഹ്യരൂപം നിര്‍മിച്ച് അതിന്റെ ആത്മാവ് കളയാന്‍ ശ്രമിക്കൂ. എന്നാല്‍, അവര്‍ക്ക് ദൈവത്തെ വഞ്ചിക്കാനാവില്ല. പകല്‍വെളിച്ചത്തില്‍ കൊള്ള നടത്തുന്നവന്‍, കൊള്ള നടത്തുകയല്ല, മറിച്ച് ജനസേവനം ചെയ്യുകയാണ് എന്ന് സത്യസന്ധമായി മനസ്സിലാക്കാന്‍ മാത്രം അന്ധരായിരിക്കുകയില്ല സൃഷ്ടികളും. وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന അടിസ്ഥാന സിദ്ധാന്തം, അതിന്റെ സ്വഭാവവും പ്രകൃതിയും പരിഗണിക്കുമ്പോള്‍ അഞ്ച് കാര്യങ്ങള്‍ താല്‍പര്യപ്പെടുന്നതായി കാണാം.

1) ജനങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളില്‍ അഭിപ്രായ പ്രകടനം നടത്താന്‍ ജനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കണം. തങ്ങളുടെ കാര്യങ്ങള്‍ എങ്ങനെയാണ് നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നതു സംബന്ധിച്ച് അവര്‍ക്ക് വ്യക്തമായ ബോധവുമുണ്ടായിരിക്കണം. തങ്ങളുടെ കൈകാര്യാധികാരികളില്‍ വല്ല കുറ്റമോ കുറവോ തെറ്റോ കണ്ടാല്‍ അത് തടയാനും പ്രതിഷേധിക്കാനും എന്നിട്ടും നേരെയാവുന്നില്ലെങ്കില്‍ അധികാരികളെ മാറ്റാനും അവര്‍ക്ക് പൂര്‍ണമായ അവകാശമുണ്ടായിരിക്കുകയും വേണം. ആളുകളുടെ വായടച്ചും കൈകാലുകള്‍ കെട്ടിവരിഞ്ഞും വാര്‍ത്തകള്‍ തമസ്കരിച്ചും സാമൂഹിക കാര്യങ്ങള്‍ കൊണ്ടുനടത്തുക എന്നത് സ്പഷ്ടമായ കാപട്യമാകുന്നു. അങ്ങനെ ചെയ്യുന്നത് ആരായിരുന്നാലും അവര്‍ وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന അടിസ്ഥാന തത്ത്വം അനുസരിക്കുന്നവരാണെന്നംഗീകരിക്കാനാവില്ല.

2) സാമൂഹിക കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വമേല്‍പിക്കപ്പെടുന്നവര്‍ ആര്‍ തന്നെയായിരുന്നാലും ജനങ്ങളുടെ തൃപ്തിയോടെ നിശ്ചയിക്കപ്പെടുന്നവരായിരിക്കണം. സ്വതന്ത്രമായി പ്രകടിപ്പിക്കപ്പെടുന്നതായിരിക്കണം ഈ തൃപ്തി. ഭീതികൊണ്ടോ ഭീഷണികൊണ്ടോ നേടുന്നതാവരുത്. സമ്മര്‍ദംകൊണ്ടും പ്രലോഭനംകൊണ്ടും വാങ്ങിയതുമാകരുത്. വഞ്ചനകൊണ്ടും കുതന്ത്രങ്ങള്‍കൊണ്ടും കൊള്ളയടിച്ചുണ്ടാക്കിയ തൃപ്തി യഥാര്‍ഥത്തില്‍ തൃപ്തിയേ അല്ല. സാധ്യമായ എല്ലാ രീതിയിലും കിണഞ്ഞു പരിശ്രമിച്ച് ഒരു ജനത്തിന്റെ ഭരണാധികാരിയാകുന്ന വ്യക്തി അവരുടെ ശരിയായ ഭരണാധികാരിയായിരിക്കുകയില്ല. ജനങ്ങള്‍ സ്വന്തം ഇഷ്ടത്തോടെയും പ്രീതിയോടെയും ഭരണാധികാരിയായി നിശ്ചയിക്കുന്നവരേ ശരിയായ ജനകീയ ഭരണാധികാരിയായിരിക്കൂ.

3) ഭരണാധികാരികള്‍ക്ക് ഉപദേശം നല്‍കുന്നവരായും ജനങ്ങളില്‍ വേരുകളുള്ള ആളുകള്‍ തന്നെ നിശ്ചയിക്കപ്പെടേണ്ടതാകുന്നു. സമ്മര്‍ദം ചെലുത്തിയോ പണം കൊടുത്തോ കളവും കുതന്ത്രവുമുപയോഗിച്ചോ ജനങ്ങളെ വഴിതെറ്റിച്ചോ പ്രതിനിധിസ്ഥാനം നേടുന്നവരൊന്നും യഥാര്‍ഥ ജനകീയാടിത്തറയുള്ളവരായി അംഗീകരിക്കപ്പെടുകയില്ലെന്നു വ്യക്തമാണല്ലോ.

4) അധികാരികള്‍ക്ക് ഉപദേശം നല്‍കുന്നവര്‍ തങ്ങളുടെ അറിവിനും വിശ്വാസത്തിനും മനഃസാക്ഷിക്കും യോജിച്ച അഭിപ്രായങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. ആ വിധത്തില്‍ അഭിപ്രായം വെളിപ്പെടുത്താന്‍ അവര്‍ക്ക് പൂര്‍ണ സ്വാതന്ത്യ്രമുണ്ടായിരിക്കേണ്ടതുമാകുന്നു. ഇതില്ലാത്തേടത്ത്, ഭരണാധികാരികള്‍ക്ക് ഉപദേശം നല്‍കുന്നവര്‍ അത്യാഗ്രഹത്തിന്റെയോ ഭയത്തിന്റെയോ പേരില്‍, അല്ലെങ്കില്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ പെട്ടുപോയതിന്റെ പേരില്‍ സ്വന്തം അറിവിനും വിശ്വാസത്തിനും മനഃസാക്ഷിക്കും വിരുദ്ധമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നിടത്ത് യഥാര്‍ഥത്തില്‍ നടക്കുന്നത് വഞ്ചനയും കാപട്യവുമായിരിക്കും. وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന തത്ത്വമായിരിക്കുകയില്ല.

5) കൂടിയാലോചനാ സഭയുടെ ഏകകണ്ഠമായ അഭിപ്രായം അല്ലെങ്കില്‍ അവരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള അഭിപ്രായം ബന്ധപ്പെട്ടവര്‍ സ്വീകരിക്കേണ്ടതാകുന്നു. എന്തുകൊണ്ടെന്നാല്‍, ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ എല്ലാം കേട്ട ശേഷവും തന്നിഷ്ടം പ്രവര്‍ത്തിക്കാന്‍ അധികാരമുണ്ടെന്നു വന്നാല്‍, കൂടിയാലോചന തികച്ചും നിരര്‍ഥമായിത്തീരുന്നു. അവരുടെ കാര്യങ്ങളില്‍ കൂടിയാലോചന നടത്തുന്നു എന്നല്ല, പ്രത്യുത `അവരുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ചു നടത്തുന്നു` എന്നാണ് അല്ലാഹു അരുളിയിട്ടുള്ളത്. കൂടിയാലോചന നടത്തുന്നതുകൊണ്ട് മാത്രം ഈ വാക്യം പ്രാവര്‍ത്തികമാകുന്നതല്ല. അതിന്, കൂടിയാലോചനയില്‍ ഏകകണ്ഠമായോ ഭൂരിപക്ഷ പിന്തുണയോടുകൂടിയോ എടുക്കപ്പെടുന്ന തീരുമാനങ്ങളനുസരിച്ച് കാര്യങ്ങള്‍ നടത്തുക കൂടി ചെയ്യേണ്ടതനിവാര്യമാകുന്നു.' (Thafheemul Quran)]

ഈ പ്രസ്ഥാനത്തെ ജനാധിപത്യം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ അത് നിര്‍വഹിക്കുന്നത് തങ്ങളെക്കുറിച്ച് അത്മവിചാരം നടത്തിയതിന് ശേഷമാകുന്നത് അവരുടെ തന്നെ നന്മക്ക് സഹായകമാകും

അഭിപ്രായങ്ങളൊന്നുമില്ല: